Sunday, August 15, 2010

പഴയൊരാ ഓണ നാളുകള്‍

ചിങ്ങം പിറന്നു അത്തവുമെത്തി
പൂത്തറ ഒന്ന് ഒരുക്കേണം
പൂവുകള്‍ തേടി കൂട്ടരുമൊത്ത്
തൊടികളും മലകളും
കയറി ഇറങ്ങേണം
പൂക്കൂട നിറയെ തെച്ചിയും
പിച്ചിയും തുമ്പയും പറിച്ചു നിറക്കേണം

പല വര്‍ണ പൂക്കളാല്‍
പൂക്കൂട നിറയുമ്പോള്‍

നിറഞ്ഞൊരാ മനസുമായി
വീട്ടിലേക്കു മടങ്ങേണം
കാലത്തെണീറ്റു ചാണകം മെഴുകിയാ
പൂത്തറയില്‍ പല വര്‍ണ്ണ പൂക്കളാല്‍
പൂക്കളം ഒന്ന് ഒരുക്കേണം
അത്തം പത്തിന്
തിരുവോണം എത്തുമ്പോള്‍

പുത്തനുടുപ്പിട്ട് പൂക്കളം തീര്‍ത്ത്
മാവേലി മന്നനെ വരവേല്‍ക്കണം..

കൂട്ടര്‍ തന്‍ വീട്ടിലെല്ലാം ഓടിനടന്നാ
പൂക്കളമെല്ലാം കാണേണം
കൂട്ടരുമൊത്ത് ഊഞ്ഞാലാടി
വിശന്നു വലയുമ്പോള്‍


പപ്പടം പായസം ഉപ്പേരിയും കൂട്ടി
ഓണ സദ്യ കഴിക്കേണം
സന്ധ്യ മയങ്ങുമ്പോള്‍
ഓണം കഴിയുമ്പോള്‍


അടുത്തൊരാ ഓണത്തിനായ്
കാത്തിരിക്കേണം..

കാലമതേറെ കടന്നുപോയ്
ഓണമതേറെ ആഘോഷിച്ചു

ഇന്നാ‍കെ മാറിപ്പോയ്
ഓണത്തിന്‍ ഒരുക്കങ്ങള്‍

ചാണകം മെഴുകിയാ
പൂത്തറ ഇല്ല, പൂക്കുടയുമില്ല
തെച്ചിയും പിച്ചിയും തുമ്പയുമില്ല ,,,,
ഓണസദ്ധ്യ ഒരുക്കീടുവാനായ്
നേരമതൊട്ടു മില്ലതാനും.

കാലമതേറെ മാറിപോയെങ്കിലും
ഓര്‍മയില്‍ പഴയൊരാ ഓണ നാളുകള്‍
ഇന്നുമെന്‍ മനസില്‍ പൂക്കളമെരുക്കുന്നു.

Monday, June 14, 2010

എന്റെ കുഞ്ഞാക്ക..

ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ വിധി എന്നോട് ക്രൂരത കാട്ടിയപ്പോള്‍ ഞാന്‍
ആകെ തകര്‍ന്നു പോയിരുന്നു..
ജീവിതം അവസാനിച്ചു എന്ന തോന്നല്‍..
എനിക്ക് എന്നോടു തന്നെ വെറുപ്പു തോന്നി തുടങ്ങി,

വീട്ടിലെ അതികം വെളിച്ചം കയറാത്ത ഒരു മുറിയില്‍ മാത്രം ആയി എന്റെ ലോകം,
കൂട്ടുകാരെ കാണുന്നത്  എനിക്കു ഇഷ്ട്ടമല്ലാതായി, 
ജനലിനിടയിലൂടെ വരുന്ന നേര്‍ത്ത വെളിച്ചം പോലും എന്നെ അസ്വസ്ഥമാക്കിയിരുന്നു,
ഞാന്‍ ഇരുട്ടിനെയും , നിശബ്ദതയേയും, ഇഷ്ടപെട്ടു തുടങ്ങി.

ഒന്നര വര്‍ഷത്തെ ആ ജീവിതം എനിക്കു തന്ന ശരീരത്തിലെ അങ്ങിങ്ങായി വന്ന
മുറിവുകള്‍  ( ബെഡ് സോര്‍ ).. ഉണങ്ങാതെ വന്നപ്പോള്‍
ഇരുളും നിശബ്ദതയും നിറഞ്ഞ എന്റെ ആ മുറിയില്‍ നിന്നും
ആശുപത്രിയിലെ വെളിച്ചവും വായുവും അതികമുള്ള
ആ വലിയ മുറിയിലേക്കു മാറേണ്ടി വന്നു എനിക്ക്
(കോഴിക്കോട് മെഡിക്കല്‍ കോളേജിലെ  ഇരുപത്തി രണ്ടാം നംബര്‍
പ്ലാസ്റ്റിക്ക് സര്‍ജറി വാര്‍ഡ് )

ഒന്നര മാസത്തെ അശുപത്രി ജീവിതം എന്നില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തി,
എന്നേക്കാള്‍ അവശത അനുഭവിക്കുന്നവരെ ഞാന്‍ അവിടെ കണ്ടു,

വിധിയോട് പൊരുതി ജീവിതത്തില്‍ മുന്നോട്ട് പോകണം എന്ന തോന്നല്‍
എന്റെ ഉള്ളില്‍ വന്നത് അന്ന് ആശുപത്രിയില്‍ വെച്ച് കുഞ്ഞാക്ക എന്ന 
ആ മനുഷ്യനെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ആയിരുന്നു. 

മുഖത്ത് ചെറു പുഞ്ചിരി എപ്പോഴും സൂക്ഷിക്കുന്ന നല്ല അരോഗ്യമുള്ള ഒരാള്‍.
തന്റെ ഇരുപതാമത്തെ വയസ്സില്‍ സംഭവിച്ച ഒരു വീഴ്ചയില്‍
അരക്കു താഴേക്കു തളര്‍ന്നുപോയിട്ടും ജീവിതത്തെ
ധൈര്യപൂര്‍വ്വം നേരിട്ട് ഇപ്പോള്‍ നാല്പത്തി രണ്ടാമത്തെ വയസിലും
സന്തോഷത്തോടെ ജീവിക്കുന്ന (കുഞ്ഞായിന്‍ കടലുണ്ടി) കുഞ്ഞാക്ക..

വിധി എന്നില്‍ വരുത്തിയ വൈകല്യങ്ങളിലും , തളരാത്ത മനസ്സുമായി
വിധിയോട് പൊരുതി ജീവിക്കാന്‍ എനിക്കു പ്രചോധനം ആയ
കുഞ്ഞായിന്‍ എന്ന എന്റെ കുഞ്ഞാക്കാക്ക് എന്നും നന്മകള്‍ വരട്ടെ...

 

Tuesday, March 16, 2010

നിങ്ങളുടെ വാക്കുകള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാകട്ടെ!

വളരെ യാദൃശ്ചികമായി സംഭവിക്കുന്ന ഒരു വീഴ്ചയിലോ വാഹനാപകടങ്ങളിലോ നട്ടെല്ലിനു ക്ഷതം പറ്റി അതുവരെ പരിചയിച്ചു പോന്ന ജീവിത രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിതാവസ്ഥയില്‍ എത്തിച്ചേരുന്ന എത്രയോ ഹതഭാഗ്യര്‍ നമുക്ക് ചുറ്റുമുണ്ട് .
ആദ്യമൊക്കെ ചികിത്സകളില്‍ വിശ്വാസം അര്‍പ്പിച്ച് ആശുപത്രി കിടക്കയില്‍  മരുന്നിന്റെ മടുപ്പിക്കുന്ന ഗന്ധം ശ്വസിച്ച് കിടക്കുമ്പോള്‍
എത്രയും പെട്ടെന്ന്  പരിചയിച്ചു പോന്ന ആ പഴയ ജീവിതത്തിലോട്ട് തിരിച്ചു പോകാന്‍ പറ്റും എന്ന പ്രതീക്ഷയാകും അവര്‍ക്കുണ്ടാവുക .

എന്നാല്‍ അവര്‍ പതുക്കെ ആ സത്യം മനസിലാക്കും, ആധുനിക വൈദ്യശാസ്ത്രത്തിനും പരിമിതികളുണ്ട് എന്ന സത്യം. നട്ടെല്ലിനു പറ്റുന്ന ക്ഷതങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണ് എന്ന സത്യം അവര്‍ മനസിലാക്കും. അപ്പോള്‍  ജീവിതത്തോടു തന്നെ വെറുപ്പു തോന്നി തുടങ്ങും. ഒപ്പം ചുറ്റുമുള്ളവരുടെ സഹതാപ വാക്കുകള്‍ കൂടി ആകുമ്പോള്‍ അവര്‍ മാനസികമായും ആകെ തളര്‍ന്നു പോകും .

തന്നെക്കൊണ്ട് ഇനി ഈ സമൂഹത്തിനും , വീട്ടുകാര്‍ക്കും വേണ്ടി ഒന്നും ചെയ്യാനാകില്ല . താന്‍ ഇനി ഒരു ഭാരമാണ് മറ്റുള്ളവര്‍ക്ക്  എന്ന ചിന്തയാകും മനസ്സില്‍ തോന്നുക. വന്നു ചേര്‍ന്ന വിധിയെ പഴിച്ച് പിന്നീടുള്ള ജീവിതം നാലു  ചുവരുകള്‍ക്കുള്ളില്‍ തള്ളി നീക്കുകയാണ് പലരും ചെയ്യുക..

എന്നാല്‍ വളരെ ചുരുക്കം ചിലര്‍ തളരാത്ത മനസ്സും, ആത്മ വിശ്വാസവും കൈ മുതലാക്കി വന്നുചേര്‍ന്ന വിധിയോട് പൊരുതി ,വൈകല്യങ്ങളെ മറികടന്ന് ജീവിതത്തില്‍ മുന്നോട്ട് പോകുന്നു.

നിങ്ങളുടെ ജീവിത യാത്രയിലും ഇത്തരത്തില്‍ വിധിയുടെ ക്രൂരതക്ക് ഇരയായവരെ കണ്ടു മുട്ടിയേക്കാം. നിങ്ങള്‍  സഹതാപ വാക്കുകള്‍ പറഞ്ഞു അവരെ മാനസികമായി തളര്‍ത്താതിരിക്കുക . നിങ്ങളുടെ വാക്കുകള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാകട്ടെ! അവരെ ഒന്നില്‍ നിന്നും മാറ്റി നിര്‍ത്താതിരിക്കുക, താന്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍ അവര്‍ക്ക് വരുത്താതിരിക്കുക , വിധിയോട് പൊരുതി ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കുക.


Monday, February 8, 2010

ഇനിയും മൗനം അരുതെ !

എത്ര മനോഹരമായി നീ-
അണിയിച്ചൊരുക്കിയീ ഭൂമിയെ.

വെള്ളവും വെളിച്ചവും വായുവും നല്‍കി നീ .
മലകളും പൂക്കളും പുഴകളും നല്‍കി നീ.
ആകാശവും അതില്‍ പാറിപ്പറക്കും പറവകളും‌-
പുഴയും പുഴയിലെ നീന്തിത്തുടിക്കുമീ-
മീനിനേയും തന്നു നീ .

എത്ര മനോഹരമായി ഒരുക്കി നീയീ ഭൂമിയെ...

വായുവും വെള്ളവും മലിനമാക്കുന്നു... 
മലകള്‍ ഇടിക്കുന്നു കാടുകള്‍ വെട്ടുന്നു .. 
എങ്ങും കോണ്‍ക്രീറ്റു സൗധങ്ങള്‍ പൊങ്ങുന്നു....

പുഴയിലെ മീനുകള്‍ ചത്തുമലക്കുന്നു..
ആകാശത്തില്‍ പാറി പറക്കും-
പറവകള്‍ തന്‍ ചലനമറ്റു വീഴുന്നു..

പുഴകള്‍ വറ്റി തുടങ്ങി.. ഋതുക്കള്‍ തന്‍ താളം തെറ്റി..

ഏറെ അകലെയല്ലാ നീ തന്‍ സുന്ദര സൃഷ്ടിയാമീ-
ഭൂമിതന്‍ അന്ത്യം.

അതും നീ തന്നെ സൃഷ്ടിച്ചു വിട്ടൊരീ മനുഷ്യ കുലത്തിനാല്‍..
എന്നിട്ടുമെന്തേ നീ മൗനം ഭജിക്കുന്നു..
എന്തേ നിനക്കും നിയന്ത്രിക്ക സാധ്യമല്ലെ?.
നീ തന്നെ സൃഷ്ടിച്ചൊരീ മനുഷ്യ കുലത്തിനെ. 

എന്തേ നിനക്കും പറ്റിയോ തെറ്റ്?
നീ തന്‍ സൃഷ്ടിയില്‍..
മനുഷ്യ കുലത്തിന്‍ സൃഷ്ടിയില്‍...

ഇനിയും മൗനം അരുതെ !..
മനുഷ്യ കുലത്തിനു നേര്‍ വഴി കാട്ടി-
നിയന്ത്രിച്ചീടുക നീ .
നീ തന്‍ സുന്ദര സൃഷ്ടിയാമീ ഭൂമിതന്‍ രക്ഷക്കായി..

ഭൂമിതന്‍ രക്ഷക്കായ് !...





Sunday, January 17, 2010

പെയിന്റിങ് പരീക്ഷണം 2


എന്റെ പെയിന്റിങ്ങ് പരീക്ഷണങ്ങള്‍....

Saturday, January 16, 2010

my painting experiment

എന്റെ ഒരു പെയിന്റിങ്ങ് പരീക്ഷണം (ഫോട്ടോ ഷോപ്പ് ആന്റ്  പെയിന്റ് ഉപയോഗിച്ച് ചെയ്തത് )

Saturday, January 9, 2010

മനസ്സേ പതറാതെ ....

ഇല്ലെനിക്ക് കണ്ണുനീര്‍ ഒട്ടുമെ-
ഒഴുക്കുവാന്‍ എന്‍ വിധിയെ ഓര്‍ത്ത്.
 
ദുഖങ്ങള്‍ ഏറെനീ തന്നിതെന്‍-
ജീവതത്തില്‍ എങ്കിലും
ദുഖിച്ചിരിക്കില്ല ഞാനീ ജന്മം..
 
താണ്ടുവാനേറെ ഉണ്ടെനിക്കിനിയും-
ഈ ജീവിത യാത്രയില്‍..
നേടുവാനേറെ ഉണ്ടെനിക്കിനിയും
നേടിയിരിക്കും ഞാനതൊക്കെ...
 
കണ്ണുനീരില്ലെനിക്കെന്‍ കണ്‍കളില്‍.
കണ്‍കളില്‍ ജ്വലിക്കും-
ആത്മ ധൈര്യത്തിന്‍
സ്പുരണങ്ങള്‍ മാത്രം..
 
ഇല്ല കഴിയില്ല എന്നെ തളര്‍ത്തുവാന്‍
എന്നില്‍ വന്നുചേര്‍ന്നൊര്‍രു-
വിധിതന്‍ ക്രൂരതക്ക്....
 
വേണ്ട എനിക്കു നിങ്ങള്‍തന്‍-
സഹതാപ വാക്കുകള്‍..
അരുതു നോക്കരുത് എന്നെ-
നിങ്ങളാ സഹതാപമൂറും കണ്‍കളാല്‍..
 
ജീവിച്ചു കാട്ടണമെനിക്കുമീ-
സമൂഹത്തില്‍..
എന്നില്‍ വന്നുചേര്‍ന്നൊരെന്‍-
വിധിയോടു പൊരുതി..
 
എനിക്കു കൂട്ടായെന്‍ മനസ്സിന്‍-
ധൈര്യം മാത്രം...
മനസ്സെ പതറാതെ മുന്നോട്ടു പായൂ..
മനസ്സെ പതറാതെ മുന്നോട്ടു പായൂ...