Tuesday, March 16, 2010

നിങ്ങളുടെ വാക്കുകള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാകട്ടെ!

വളരെ യാദൃശ്ചികമായി സംഭവിക്കുന്ന ഒരു വീഴ്ചയിലോ വാഹനാപകടങ്ങളിലോ നട്ടെല്ലിനു ക്ഷതം പറ്റി അതുവരെ പരിചയിച്ചു പോന്ന ജീവിത രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിതാവസ്ഥയില്‍ എത്തിച്ചേരുന്ന എത്രയോ ഹതഭാഗ്യര്‍ നമുക്ക് ചുറ്റുമുണ്ട് .
ആദ്യമൊക്കെ ചികിത്സകളില്‍ വിശ്വാസം അര്‍പ്പിച്ച് ആശുപത്രി കിടക്കയില്‍  മരുന്നിന്റെ മടുപ്പിക്കുന്ന ഗന്ധം ശ്വസിച്ച് കിടക്കുമ്പോള്‍
എത്രയും പെട്ടെന്ന്  പരിചയിച്ചു പോന്ന ആ പഴയ ജീവിതത്തിലോട്ട് തിരിച്ചു പോകാന്‍ പറ്റും എന്ന പ്രതീക്ഷയാകും അവര്‍ക്കുണ്ടാവുക .

എന്നാല്‍ അവര്‍ പതുക്കെ ആ സത്യം മനസിലാക്കും, ആധുനിക വൈദ്യശാസ്ത്രത്തിനും പരിമിതികളുണ്ട് എന്ന സത്യം. നട്ടെല്ലിനു പറ്റുന്ന ക്ഷതങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണ് എന്ന സത്യം അവര്‍ മനസിലാക്കും. അപ്പോള്‍  ജീവിതത്തോടു തന്നെ വെറുപ്പു തോന്നി തുടങ്ങും. ഒപ്പം ചുറ്റുമുള്ളവരുടെ സഹതാപ വാക്കുകള്‍ കൂടി ആകുമ്പോള്‍ അവര്‍ മാനസികമായും ആകെ തളര്‍ന്നു പോകും .

തന്നെക്കൊണ്ട് ഇനി ഈ സമൂഹത്തിനും , വീട്ടുകാര്‍ക്കും വേണ്ടി ഒന്നും ചെയ്യാനാകില്ല . താന്‍ ഇനി ഒരു ഭാരമാണ് മറ്റുള്ളവര്‍ക്ക്  എന്ന ചിന്തയാകും മനസ്സില്‍ തോന്നുക. വന്നു ചേര്‍ന്ന വിധിയെ പഴിച്ച് പിന്നീടുള്ള ജീവിതം നാലു  ചുവരുകള്‍ക്കുള്ളില്‍ തള്ളി നീക്കുകയാണ് പലരും ചെയ്യുക..

എന്നാല്‍ വളരെ ചുരുക്കം ചിലര്‍ തളരാത്ത മനസ്സും, ആത്മ വിശ്വാസവും കൈ മുതലാക്കി വന്നുചേര്‍ന്ന വിധിയോട് പൊരുതി ,വൈകല്യങ്ങളെ മറികടന്ന് ജീവിതത്തില്‍ മുന്നോട്ട് പോകുന്നു.

നിങ്ങളുടെ ജീവിത യാത്രയിലും ഇത്തരത്തില്‍ വിധിയുടെ ക്രൂരതക്ക് ഇരയായവരെ കണ്ടു മുട്ടിയേക്കാം. നിങ്ങള്‍  സഹതാപ വാക്കുകള്‍ പറഞ്ഞു അവരെ മാനസികമായി തളര്‍ത്താതിരിക്കുക . നിങ്ങളുടെ വാക്കുകള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാകട്ടെ! അവരെ ഒന്നില്‍ നിന്നും മാറ്റി നിര്‍ത്താതിരിക്കുക, താന്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍ അവര്‍ക്ക് വരുത്താതിരിക്കുക , വിധിയോട് പൊരുതി ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കുക.