Monday, June 14, 2010

എന്റെ കുഞ്ഞാക്ക..

ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ വിധി എന്നോട് ക്രൂരത കാട്ടിയപ്പോള്‍ ഞാന്‍
ആകെ തകര്‍ന്നു പോയിരുന്നു..
ജീവിതം അവസാനിച്ചു എന്ന തോന്നല്‍..
എനിക്ക് എന്നോടു തന്നെ വെറുപ്പു തോന്നി തുടങ്ങി,

വീട്ടിലെ അതികം വെളിച്ചം കയറാത്ത ഒരു മുറിയില്‍ മാത്രം ആയി എന്റെ ലോകം,
കൂട്ടുകാരെ കാണുന്നത്  എനിക്കു ഇഷ്ട്ടമല്ലാതായി, 
ജനലിനിടയിലൂടെ വരുന്ന നേര്‍ത്ത വെളിച്ചം പോലും എന്നെ അസ്വസ്ഥമാക്കിയിരുന്നു,
ഞാന്‍ ഇരുട്ടിനെയും , നിശബ്ദതയേയും, ഇഷ്ടപെട്ടു തുടങ്ങി.

ഒന്നര വര്‍ഷത്തെ ആ ജീവിതം എനിക്കു തന്ന ശരീരത്തിലെ അങ്ങിങ്ങായി വന്ന
മുറിവുകള്‍  ( ബെഡ് സോര്‍ ).. ഉണങ്ങാതെ വന്നപ്പോള്‍
ഇരുളും നിശബ്ദതയും നിറഞ്ഞ എന്റെ ആ മുറിയില്‍ നിന്നും
ആശുപത്രിയിലെ വെളിച്ചവും വായുവും അതികമുള്ള
ആ വലിയ മുറിയിലേക്കു മാറേണ്ടി വന്നു എനിക്ക്
(കോഴിക്കോട് മെഡിക്കല്‍ കോളേജിലെ  ഇരുപത്തി രണ്ടാം നംബര്‍
പ്ലാസ്റ്റിക്ക് സര്‍ജറി വാര്‍ഡ് )

ഒന്നര മാസത്തെ അശുപത്രി ജീവിതം എന്നില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തി,
എന്നേക്കാള്‍ അവശത അനുഭവിക്കുന്നവരെ ഞാന്‍ അവിടെ കണ്ടു,

വിധിയോട് പൊരുതി ജീവിതത്തില്‍ മുന്നോട്ട് പോകണം എന്ന തോന്നല്‍
എന്റെ ഉള്ളില്‍ വന്നത് അന്ന് ആശുപത്രിയില്‍ വെച്ച് കുഞ്ഞാക്ക എന്ന 
ആ മനുഷ്യനെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ആയിരുന്നു. 

മുഖത്ത് ചെറു പുഞ്ചിരി എപ്പോഴും സൂക്ഷിക്കുന്ന നല്ല അരോഗ്യമുള്ള ഒരാള്‍.
തന്റെ ഇരുപതാമത്തെ വയസ്സില്‍ സംഭവിച്ച ഒരു വീഴ്ചയില്‍
അരക്കു താഴേക്കു തളര്‍ന്നുപോയിട്ടും ജീവിതത്തെ
ധൈര്യപൂര്‍വ്വം നേരിട്ട് ഇപ്പോള്‍ നാല്പത്തി രണ്ടാമത്തെ വയസിലും
സന്തോഷത്തോടെ ജീവിക്കുന്ന (കുഞ്ഞായിന്‍ കടലുണ്ടി) കുഞ്ഞാക്ക..

വിധി എന്നില്‍ വരുത്തിയ വൈകല്യങ്ങളിലും , തളരാത്ത മനസ്സുമായി
വിധിയോട് പൊരുതി ജീവിക്കാന്‍ എനിക്കു പ്രചോധനം ആയ
കുഞ്ഞായിന്‍ എന്ന എന്റെ കുഞ്ഞാക്കാക്ക് എന്നും നന്മകള്‍ വരട്ടെ...